കണ്ണൂർ: തിരുവനന്തപുരത്ത് പൊലിസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ വിദ്യാർഥി വേട്ടയ്ക്കെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി.
സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രകടനം ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലിസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലിസും തമ്മിൽ വാക്കുതർക്കമുണ്ടായി.
വിദ്യാർഥികൾ പ്രകോപിതരായതോടെ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അലീഷ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. ഗിരീഷ്, സി.വി. ഹരികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്വാതി പ്രദീപൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരത്ത് നടന്ന അക്രമത്തിനെതിരേ പഠിപ്പ് മുടക്ക് സമരം നടത്തിയ ശേഷമായിരുന്നു വിദ്യാർഥികൾ പ്രതിഷേധ മാർച്ചിനെത്തിയത്.